ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുതെന്ന് വനം മന്ത്രി; കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

 | 
saseendran

പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ അനധികൃതമായുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ചെറാട് സ്വദേശി ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തൽകാലം ഉപദ്രവിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരുന്നു. എന്നാൽ  ഇത് മറയാക്കി കൂടുതൽ ആളുകൾ എത്തുന്നു. ആർക്കും ഇനി ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കുമ്പാച്ചി മലയിൽ കയറിയ മലമ്പുഴ ആനക്കൽ സ്വദേശിയെ അർധരാത്രിയോടെ കണ്ടെത്തിയിരുന്നു. ഈ  സംഭവത്തെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. മേഖലയിൽ വീണ്ടും യുവാവ് എത്തിയ സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസികൾക്ക് ഏതെങ്കിലും തരത്തിൽ ഇളവുണ്ടോ എന്ന് പരിശോധിക്കും. പ്രദേശത്ത് കൂടുതൽ പരിശോധന ഏർപ്പെടുത്തും. ജനകീയ പ്രതിരോധ സേനയേയും ആർആർടിയേയും ഉപയോഗിക്കും. ഇവിടെ സ്വീകരിക്കേണ്ട നടപടിയെ പറ്റി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദേശം നൽകി. ഇതിനു വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു