രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഭൂമി വിറ്റ് തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍

 | 
Sunil Gopi

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഭൂമി വിറ്റ് തട്ടിപ്പ് നടത്തിയ കേസില്‍ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് സുനില്‍ ഗോപിയെ (55) അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ജിഎന്‍ മില്‍ റോഡിലെ ഗിരിധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. വഞ്ചനാക്കുറ്റത്തിനാണ് അറസ്റ്റ്. സുനില്‍ ഗോപിക്ക് പുറമേ റീന, ശിവദാസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

നവക്കരയില്‍ മാവുത്തംപതി വില്ലേജില്‍ മയില്‍ സ്വാമി എന്നയാളില്‍ നിന്ന് സുനില്‍ ഗോപി വാങ്ങിയ 4.52 ഏക്കര്‍ ഭൂമിയാണ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചത്. ഈ സ്ഥലത്തിന്റെ വില്‍പന സംബന്ധിച്ച കേസ് കോടതിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി രജിസ്‌ട്രേഷന്‍ അസാധുവാക്കിയിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് സുനില്‍ ഗോപി ഗിരിധരന് ഭൂമി വിറ്റത്. 97ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റി 2021 നവംബര്‍ 24ന് ഭൂമി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കി. 

പിന്നീട് ഗിരിധരന്‍ നടത്തിയ അന്വേഷണത്തിലാണ് ഭൂമി സംബന്ധിച്ച് സിവില്‍ കേസ് നിലവിലുള്ളത് അറിഞ്ഞത്. താന്‍ വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ ഗോപിയോട് പണം തിരികെ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ലഭിച്ച പണം മറ്റു രണ്ടു പ്രതികളുടെ അക്കൗണ്ടില്‍ സുനില്‍ ഗോപി നിക്ഷേപിച്ചിരുന്നു. 

ഗിരിധരന്‍ കോയമ്പത്തൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് ശനിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തു.