ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 5 ദിവസത്തിനിടെ കൂട്ടിയത് 3.48 രൂപ

 | 
Fuel

ഇന്ധന വില വീണ്ടും ഉയര്‍ത്തി. പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില ലിറ്ററിന് 107.65 രൂപയായി ഉയര്‍ന്നു. 94.72 രൂപയാണ് ഇന്നത്തെ ഡീസല്‍ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപയും ഡീസലിന് 3.30 രൂപയുമാണ് വര്‍ദ്ധിച്ചത്. 

വെള്ളിയാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ വരെ എത്തിയിരുന്നെങ്കിലും 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നതിനാല്‍ രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നില്ല. 

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. 5 മാസത്തിന് ശേഷം ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചിരുന്നു. 50 രൂപയാണ് സിലിന്‍ഡറിന് വര്‍ദ്ധിപ്പിച്ചത്.