കെപിഎസി ലളിതയുടെ സംസ്‌കാരം വൈകിട്ട് 4 മണിക്ക്; തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനം തുടരുന്നു

 | 
KPAC Lalitha

 അന്തരിച്ച കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. ചൊവ്വാഴ്ച രാത്രി 10.45ന് മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ ലായം ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചയോടെ തൃശൂരിലേക്ക് കൊണ്ടുപോകും. 

2 മണിയോടെ സംഗീത നാടക അക്കാഡമി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകും. തൃപ്പൂണിത്തുറയില്‍ നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, മഞ്ജുപിള്ള, ടിനി ടോം, ബാബുരാജ്, കാവ്യ മാധവന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1947 മാര്‍ച്ച് 10ന് കായംകുളം കടയ്ക്കല്‍ തറയില്‍ അനന്തന്‍ നായരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകളായി ഇടയാറന്‍മുളയില്‍ ജനിച്ച മഹേശ്വരിയാണ് പിന്നീട് കെപിഎസി ലളിതയായത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം സിനിമയാക്കിയപ്പോളായിരുന്നു കെപിഎസി ലളിതയുടെ അരങ്ങേറ്റം. പിന്നീട് 550ലേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.