സ്വര്‍ണ്ണവില ഗ്രാമിന് 5000 രൂപയിലേക്ക്; 100 രൂപയുടെ വര്‍ദ്ധന, രൂപയുടെ മൂല്യം ഇടിഞ്ഞു

 | 
Gold price

സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 4940 രൂപയായി. പവന് 39,520 രൂപയാണ് പുതിയ വില. ഒരു പവന് 800 രൂപയുടെ വര്‍ദ്ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 80 രൂപ വര്‍ദ്ധിച്ചു. 1988 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവില. 

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിലയിലെ വര്‍ദ്ധനവും രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ്ണവിലയെ ബാധിച്ചിട്ടുണ്ട്. 2020ന് ശേഷം ആദ്യമായാണ് സ്വര്‍ണ്ണവില ഇത്രയും ഉയരുന്നത്. ഈ വര്‍ഷം മാത്രം 11.7 ശതമാനത്തിന്റെ വര്‍ദ്ധനവ് വിലയിലുണ്ടായിട്ടുണ്ട്. 

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ത്തത്. ഡോളറിനെതിരെ 76.96 നിലവാരത്തിലാണ് രൂപയുടെ ഇന്നത്തെ മൂല്യം. എക്കാലത്തെയും താഴ്ന്ന നിലവാരമാണ് ഇത്. യുപിയില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രിയോടെ ഇന്ധനവിലയില്‍ സാരമായ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചന.