സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ വീണ്ടും ഗവര്‍ണര്‍; എ.കെ.ബാലനും വി.ഡി.സതീശനും വിമര്‍ശനം

 | 
Governor

നയപ്രഖ്യാപന വിവാദത്തിന് പിന്നാലെ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനും ഗവണ്‍മെന്റ് സെക്രട്ടറിക്കും രാജ്ഭവനെ നിയന്ത്രിക്കാന്‍ അവകാശമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും വി.ഡി. സതീശന്‍ ചോദിച്ച് മനസ്സിലാക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വിഷയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവിന് അറിയില്ല. എ.കെ.ബാലന്‍ ഇപ്പോഴും ബാലനായി പെരുമാറുകയാണ്. വളരാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ബാലിശമായി പെരുമാറുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. 

നയപ്രഖ്യാപനത്തില്‍ ഒപ്പുവെക്കാതിരിക്കാന്‍ ഉന്നയിച്ച വിഷയം ഗവര്‍ണര്‍ വീണ്ടും പുറത്തെടുത്തു. രണ്ടു വര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിയമിക്കുകയാണ്. പാര്‍ട്ടി കേഡര്‍ വളര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സമ്പ്രദായം റദ്ദാക്കി അക്കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. 

സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. കേന്ദ്രമന്ത്രിമാര്‍ക്കു പോലും 12 പേഴ്‌സണല്‍് സ്റ്റാഫാണ് ഉള്ളതെന്നിരിക്കെ സംസ്ഥാനത്തെ പല മന്ത്രിമാര്‍ക്കും അതില്‍ കൂടുതലാണ് പേഴ്‌സണല്‍ സ്റ്റാഫ്. ഭരണഘടനയ്ക്ക് എതിരാണ് കാര്യങ്ങള്‍. ജനങ്ങളുടെ പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ താന്‍ ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് താന്‍ എന്തിന് ആവശ്യപ്പെടണം. രാജ്ഭവനെ ഉപദേശിക്കാനും നിയന്ത്രിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അധികാരമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.