പണിമുടക്കിലെ ഹൈക്കോടതി നിര്‍ദേശത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍; പണിമുടക്ക് തുടരുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍

 | 
high court

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് വിലക്കിക്കൊണ്ട് ഉത്തരവിടണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ നിയമോപദേശം അനുസരിച്ച് നടപടിയെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

അതേസമയം പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് പണിമുടക്കുന്നത്. കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്ന് എന്‍ജിഒ യൂണിയന്‍ പ്രതികരിച്ചു. കേരള സര്‍വീസ് റൂള്‍സ് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാനോ സമരം ചെയ്യാനോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഇന്നുതന്നെ സര്‍ക്കാര്‍ പുറത്തിറക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാതിരിക്കാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുന്ന നടപടിയടക്കം സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.