ഐപിഎൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്; രാജസ്ഥാനെ 7 വിക്കറ്റിന് തകർത്തു

 | 
Ipl

നിർണായക മത്സരത്തിൽ ബാറ്റിംഗ് മറന്ന രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് അരങ്ങേറ്റ വർഷത്തിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി. 131 എന്ന ആർആർ ഉയർത്തിയ ലക്ഷ്യം  അവർ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയാണ് കളിയിൽ തിളങ്ങിയത്. 17 റൺസ് വഴങ്ങി 3 വിക്കറ്റും 30 പന്തിൽ 34 റൺസും നേടി പാണ്ഡ്യ താരമായി.

ടോസ് നേടിയ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്കോർ 31ൽ നിൽക്കെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടമായി. 16 പന്തിൽ 22 റൺസ് നേടി ജയ്സ്വാളിനെ യഷ്  ദയാൽ പുറത്താക്കി. പിന്നാലെ എത്തിയ സഞ്ജു സാംസൺ 14ന് പുറത്തായി. 39 റൺസ് നേടി ബട്ട്ലർ കൂടി പുറത്തായതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. 3 വിക്കറ്റ് വീഴ്ത്തി പാണ്ഡ്യക്ക് പുറമെ 2 വിക്കറ്റ്‌ നേടി സായ് കിഷോറും തിളങ്ങി. 20 ഓവറിൽ 9 വിക്കറ്റിന് 130 എന്ന നിലയിൽ രാജസ്ഥാൻ ഇന്നിങ്‌സ് അവസാനിച്ചു.

തുടക്കത്തിലേ ശുഭ്മാൻ ഗില്ലിനെ വിട്ടുകളഞ്ഞ രാജസ്ഥാൻ വലിയ വില നൽകേണ്ടി വന്നു. 5 റൺസ് നേടി സാഹയും 8 റൺസ് നേടി മാത്യു വേഡും പുറത്തായെങ്കിലും ഗിൽ, പാണ്ഡ്യ കൂട്ടുകെട്ട് ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. പാണ്ഡ്യക്ക് ശേഷം വന്ന മില്ലർ 19 പന്തിൽ 32 റൺസ് നേടി വിജയം ഉറപ്പാക്കി. ഗിൽ പുറത്താകാതെ 43 പന്തിൽ 45 റൺസ് നേടി.