സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യല്‍; സൗദിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എംബസി ജീവനക്കാരന്‍ പിടിയില്‍

 | 
Pranav Krishna

സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്ത സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ബാലരാമപുരം, തേമ്പാമൂട് സ്വദേശി പ്രണവ് കൃഷ്ണയാണ് പിടിയിലായത്. അവധിക്ക് സൗദിയില്‍ നിന്ന് നാട്ടിലെത്തിയ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. 

സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടായിരുന്നു. ഇതില്‍ ഒരു വര്‍ഷമായി അന്വേഷണം നടന്നു വരികയാണ്. കേസില്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞത്. 

നെയ്യാറ്റിന്‍കര സ്വദേശിനിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വിദേശ നമ്പറുകളില്‍ നിന്നും ഇന്റര്‍നെറ്റ് കോളുകളിലൂടെയുമായിരുന്നു ശല്യം ചെയ്യല്‍. കസ്റ്റഡിയില്‍ എടുത്ത പ്രണവ് കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.