ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം; സുജീഷിനെതിരെ ബലാല്‍സംഗക്കേസ്, 6 പെണ്‍കുട്ടികള്‍ പരാതി നല്‍കി

 | 
Sujeesh

 
കൊച്ചിയില്‍ ടാറ്റൂ സ്റ്റുഡിയോയില്‍ യുവതികളെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ സുജീഷിനെതിരെ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. 6 യുവതികള്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. 2017 മുതല്‍ ഇയാള്‍ ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ 5 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതി ബംഗളൂരുവിലേക്ക് കടന്നതായാണ് സൂചന.

ഇയാള്‍ക്കെതിരെ ആദ്യം മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ യുവതി തനിക്ക് പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചെങ്കിലും സ്വന്തം നിലയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ മറ്റു യുവതികള്‍ പരാതിയുമായി രംഗത്തെത്തി. ബംഗളൂരു സ്വദേശിയായ മലയാളി യുവതി ഇന്ന് ഇമെയിലില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതോടെ സംഭവത്തില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ നാല് കേസുകളും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. നാല് യുവതികളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.