അവസാന രണ്ടു പന്തിലും സിക്സർ പറത്തി തെവാത്തിയ; ആവേശപ്പോരിൽ പഞ്ചാബിനെതിരെ ​ഗുജറാത്തിന് വിജയം

 | 
gt

ഐപിഎല്ലിലെ ആവേശകരമായ മത്സരങ്ങളിലൊന്നിൽ പഞ്ചാബ് കിം​ഗ്സിനെതിരെ അവസാന രണ്ടു പന്തും സിക്സർ പറത്തി രാഹുൽ തെവാത്തിയ ​ഗുജറാത്തിന് മൂന്നാം ജയം നേടിക്കൊടുത്തു. ഇതോടെ ടൂർണ്ണമെന്റിലെ അപരാജിത കുതിപ്പ് തുടരാൻ ടീമിനായി. 190 റൺസ് പിൻതുടർന്ന ​ഗുജറാത്തിന്  അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺസ്. ഓഡേൻ സ്മിത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡ്. അടുത്ത പന്തിൽ ഹർദിക് പാണ്ഡ്യ റണ്ണൗട്ടായി. അവസാന രണ്ട് ബാക്കി നിൽക്കെ ജയിക്കാൻ വേണ്ടിയിരുന്നത് പന്ത്രണ്ട് റൺ. രണ്ടു പന്തും ബൗണ്ടറിക്കു മുകളിലൂടെ പറത്തിവിട്ട് രാഹുൽ തെവാത്തിയ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.

നേരത്തെ 59 പന്തിൽ 96 റൺസെടുത്ത ശുഭ്മാൻ ​ഗില്ലിന്റെ പ്രകടനമാണ്  ടീമിനെ വിജയത്തിനടുത്തെത്തിച്ചത്. എന്നാൽ പത്തൊൻപതാം ഓവറിൽ ​ഗില്ലും 20ാം ഓവറിൽ 18 പന്തിൽ 27റൺസെ‌ടുത്ത നായകൻ പാണ്ഡ്യയും പുറത്തായതോടെ പഞ്ചാബ് വിജയം മണത്തു. അവിടെയാണ് തെവാത്തിയ കളി തിരിച്ചുവിട്ടത്. 

ആദ്യം ബാറ്റുചെയ്ത പഞ്ചാബിനായി 27 പന്തിൽ 64 റൺസെടുത്ത ലിവിങ്സ്റ്റൺ ആണ് ഇന്നും തിളങ്ങിയത്. ധവാൻ 35ഉം, ജിതേഷ് ശർമ്മ 23 റൺസും നേടി. 14 പന്തിൽ 22 റൺസെടുത്ത രാഹുൽ ചാഹറാണ് സ്കോർ 9 വിക്കറ്റിന് 189 ലേക്ക് എത്തിച്ചത്. ​ഗുജറാത്തിനായി റാഷിദ് ഖാൻ 3 വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ ഐപിഎൽ കളിച്ച ദർശൻ നാൽകണ്ടേ 2 വിക്കറ്റ് വീഴ്ത്തി. മറ്റൊരു അരങ്ങേറ്റക്കാരനായ സായ് സുദർശൻ ​ഗുജറാത്തനായി 30 പന്തിൽ 35 റൺസ് നേടി.