നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു; വിജ്ഞാപനം പുറത്തിറങ്ങി

 | 
Helmet

നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസം മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ക്കും ഇനി മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാകും. വാഹനമോടിക്കുന്ന ആളുമായി കുട്ടിയെ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റും (സേഫ്റ്റി ഹാര്‍നെസ്) നിര്‍ബന്ധമാക്കും. 

നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗം 40 കിലോമീറ്ററില്‍ കവിയാന്‍ പാടില്ല. കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെല്‍മെറ്റ്, അല്ലെങ്കില്‍ സൈക്കിള്‍ ഹെല്‍മെറ്റാണ് ധരിക്കേണ്ടത്. 

സേഫ്റ്റി ഹാര്‍നസ് രണ്ടു സ്ട്രാപ്പുകളാല്‍ ബന്ധിപ്പിക്കുന്ന വിധത്തിലുള്ളത് ആയിരിക്കണം. ഇവ ആവശ്യാനുസരണം മുറുക്കാനും അയയ്ക്കാനും കഴിയുന്നവയായിരിക്കണം. കനം കുറഞ്ഞതും വാട്ടര്‍പ്രൂഫുമായ ഇവയ്ക്ക് 30 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ടായിരിക്കണമെന്നും ചട്ടത്തില്‍ പറയുന്നു. 

നിലവില്‍ നാലു വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഹെല്‍മെറ്റ് ധരിക്കണം. ഇതാദ്യമായാണ് കുട്ടികള്‍ക്കായുള്ള സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.