ഓരോ സിനിമാ ലോക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി; ഡബ്ല്യുസിസിയുടെ കേസില്‍ നിര്‍ണായക വിധി

 | 
High Court

സംസ്ഥാനത്തെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ചലച്ചിത്ര സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമമുണ്ട്. സ്ത്രീകള്‍ക്കെതിരെ ചൂഷണം നടന്നാല്‍ ഏതു തൊഴില്‍ മേഖലയാണെങ്കിലും അവ തടയുന്നതിനും പരിഹാരത്തിനുമായി ആഭ്യന്തര സംവിധാനങ്ങള്‍ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയില്‍ ഒട്ടേറെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഈ നിയമം സ്ിനിമയിലും ബാധകമാണെന്നും കോടതി വ്യക്തമാക്കി. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 2018ലാണ് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ ഹര്‍ജി നല്‍കിയത്. ഈ ആവശ്യം ന്യായമാണെന്ന് കേസില്‍ കക്ഷിചേര്‍ന്ന സംസ്ഥാന വനിതാ കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു.