ഷൂട്ടൗട്ടിൽ വീണ് കൊമ്പന്മാർ; കട്ടിമണി ഐഎസ്എൽ കിരീടം ഹൈദരാബാദിന് നേടിക്കൊടുത്തു

സ്കോർ (4-2)
 | 
Isl
 

ഗോവയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ. ആദ്യമായി ഹൈദരാബാദ് ടീം ഐഎസ്എൽ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ഹൈദരാബാദ് ഗോളി കട്ടിമണിയെ മറികടക്കാൻ കേരള കളിക്കാർക്ക് കഴിഞ്ഞില്ല. മൂന്ന് കിക്കുകൾ തടഞ്ഞ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഒറ്റക്ക് ടീമിന് കിരീടം നേടിക്കൊടുത്തത്.

 ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളി ടോപ് ഗിയറിൽ ആയി. മലയാളി താരം കെപി രാഹുൽ ആണ് ആദ്യ ഗോൾ നേടിയത്. കളിയുടെ 68ആം മിനിറ്റിൽ  ജിക്സൻ സിങിൽ നിന്നും  പന്ത് രാഹുലിലേക്ക്.  പോസ്റ്റിലേക്ക് രാഹുൽ പായിച്ച ഷോട്ട് തടഞ്ഞ  ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് പിഴച്ചു. ഗോളിയുടെ കയ്യിൽ തട്ടി നേരെ വലയിലേക്ക്. 

പിന്നാലെ സമനില ഗോളിനായി ഹൈദരാബാദ് പൊരുതി കളിച്ചു എങ്കിലും  88 മിനിറ്റ് വരെ ഗോൾ അകന്നു നിന്നു. ഫ്രീകിക്കിൽ നിന്നും ക്ലിയർ ചെയ്തു വന്ന ബോൾ ഉജ്വലമായ ഷോട്ടിലൂടെ സാഹിൽ തവോര ഗോളാക്കി മാറ്റി. 

അവസാന നിമിഷങ്ങളിൽ ഇരു ടീമും പൊരുത്തിയെങ്കിലും ഗോൾ വീണില്ല. ഇതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അവിടെയും ഗോളുകൾ പിറന്നില്ല. ഇതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 

ആദ്യ കിക്ക് എടുത്തത് കേരളം.  ലെസ്‌കോവിച്ചിന് പിഴച്ചു. കട്ടിമണി അത് തടുത്തു. ഹൈദരാബാദിന് വേണ്ടി ജാവോ വിക്ടർ ഗോൾ നേടി. രണ്ടാം കിക്ക് നിഷ്‌കുമാർ. അതും കട്ടിമണി തടുത്തു. എന്നാൽ ഹൈദരാബാദിന്റെ കിക്ക് ലക്ഷ്യം കണ്ടില്ല. കേരളത്തിനായി മൂന്നാം കിക്ക് എടുത്ത ആയുഷ് പന്ത് വലയിൽ എത്തിച്ചു. ഹൈദരാബാദിനായി കമാര ലക്ഷ്യം കണ്ടു. നാലാം കിക്ക് ജിക്സൻ, അതും കട്ടിമണി തടുത്തു. ഹാളിചാരൻ ഗോളടിച്ച് ഹൈദരാബാദിനെ വിജയിപ്പിച്ചു.

ഇതാദ്യമായാണ് ഹൈദരാബാദ് കിരീടം നേടുന്നത്. കേരളത്തിന്‍റേത് ഫൈനലിലെ മൂന്നാം തോല്‍വിയും.