കോവിഡ് ബാധിച്ച് എത്രപേര്‍ 'ചത്തു', യോഗി പറയുമ്പോള്‍ എന്താണിത്ര 'കഴപ്പ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ.സുരേന്ദ്രന്‍

 | 
Surendran

വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് ബാധിച്ച് എത്രപേര്‍ ചത്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സുരേന്ദ്രന്‍ കോവിഡ് ബാധിച്ച് മരിച്ചവരെ അധിക്ഷേപിച്ചത്. കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്രപേര്‍ ചത്തുവെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. 

'കേരളം ഇസ്ലാമിക് സ്റ്റേറ്റാകാന്‍ പോകുന്നുവെന്ന് അച്യുതാനന്ദനാണ് ആദ്യം പറഞ്ഞത്. വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിന് എതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിന് ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കള്‍ മറുപടി നല്‍കിയിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായ ഈ സംഭവത്തില്‍ യോഗിയെ പ്രതിരോധിച്ചു കൊണ്ട് സുരേന്ദ്രന്‍ ഫെയിസ്ബുക്കില്‍ എഴുതിയെങ്കിലും രൂക്ഷമായ ട്രോളാണ് ഇതിന് ലഭിച്ചത്. യോഗിയുടെ പരാമര്‍ശം പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടതോടെയാണ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.