​ഐപിഎൽ: ​ഗുജറാത്തിന് ആദ്യ തോൽവി, ഹൈദരാബാദിന് 8 വിക്കറ്റ് വിജയം

 | 
cricket

ഐപിഎൽ 2022 സീസണിൽ ​ഗുജറാത്ത് ടൈറ്റൻസിന്  ആദ്യ തോൽവി.  സൺ റൈസേഴ്സ് ഹൈദരാബാദ്  എട്ട് വിക്കറ്റിനാണ് ​ടൈറ്റൻസിനെ തോൽപ്പിച്ചത്. ടൈറ്റൻസ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അവസാന ഓവറിലെ ആദ്യ പന്തിൽ ഹൈദരാബാദ് മറികടന്നു. സൺറൈസേഴ്സിന്റെ രണ്ടാം ജയമാണ് ഇത്. 57 റൺസെടുത്ത നായകൻ കെയ്ൻ വില്യംസൺ ആണ് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്.‌

ആദ്യം പന്തെറിഞ്ഞ സൺറൈസേഴ്സിന് ബൗളർമാർ നല്ല തുടക്കം നൽകി. സ്കോർ 24ൽ നിൽക്കെ ശുഭ്മാൻ ​ഗില്ലിനെ മനോഹരമായ ഒരു ക്യാച്ചിലൂടെ ഭുവനേശ്വറിന്റെ പന്തിൽ രാഹുൽ തൃപതി പുറത്താക്കി. നല്ല തുടക്കം കിട്ടിയെങ്കിലും ഓസീസ് താരം മാത്യു വെയ്ഡിന് അധികനേരം പിടിച്ചു നിൽക്കാനായില്ല. 19 പന്തിൽ 19 റൺസെടുത്ത് വെയ്ഡും 11 റൺസെടുത്ത് സായ് സുദർശനും 12 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്തായി. എന്നാൽ ഒററ്റത്ത് പിടിച്ചു നിന്ന നായകൻ ഹർദിക് പാണ്ഡ്യയും 21 പന്തിൽ 35 റൺസെടുത്ത അഭിനവ് മനോഹറുമാണ് പൊരുതാനുള്ള സ്കോറിൽ ടീമിനെ എത്തിച്ചത്. മനോഹറിന്റെ 3 ക്യാച്ചുകളാണ് ഹൈദരാബാദ് കൈവിട്ടത്. പാണ്ഡ്യ 42 പന്തിൽ 50 റൺസെടുത്തു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം 162 റൺസെടുത്തത്. 

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഹൈദരാഹിന് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ വില്യംസൺ- അഭിഷേക് ശർമ്മ സഖ്യം 64 റൺസ് കൂട്ടിച്ചേർത്തു. ശർമ്മ 32 പന്തിൽ 42 റൺസ് നേടി. പിന്നീട് വന്ന രാഹുൽ തൃപതിയും മികച്ച ഫോമിലായിരുന്നു. എന്നാൽ 11 പന്തിൽ 17 റൺസെടുത്ത തൃപതി പരിക്കറ്റ് പുറത്തു പോയി. 46 പന്തിൽ 57 റൺസെടുത്ത കെയിൻ വില്യംസൺ പുറത്തായ ശേഷം എത്തിയ നിക്കോളാസ് പൂരൻ, ഏയ്ദൻ മാർക്രം ജോഡികൾ ടീമിനെ വിജയത്തിലെത്തിച്ചു. പതിനെട്ട് പന്തിൽ 2 സിക്സും 2 ഫോറും പറത്തി പൂരൻ 34 റൺസ് നേടി. വില്യംസൺ ആണ് പ്ലയർ ഓഫ് ദ മാച്ച്.