'തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം'; ദിലീപിനെതിരെ വീണ്ടും ശബ്ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാര്‍

 | 
Dileep

വധഗൂഢാലോചനാ കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ സുപ്രധാന ശബ്ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതു സംബന്ധിച്ച് സഹോദരന്‍ അനൂപിന് ദിലീപ് നല്‍കിയ നിര്‍ദേശത്തിന്റെ റെക്കോര്‍ഡിംഗാണ് പുറത്തു വന്നത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്നാണ് ശബ്ദരേഖയില്‍ ദിലീപ് പറയുന്നത്. ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കിയേക്കരുതെന്നും ദിലീപ് പറയുന്നു. ഒരു റെക്കോര്‍ഡും ഉണ്ടാക്കരുതെന്നും ഫോണ്‍ ഉപയോഗിക്കരുതെന്നും ദിലീപിന് മറുപടിയായി അനൂപ് പറയുന്നതും റെക്കോര്‍ഡിംഗിലുണ്ട്. ഇതിനിടയില്‍ കയറി അപ്പു സംസാരിക്കുന്നതും കേള്‍ക്കാം. 

ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള നിര്‍ദേശമാണ് ഇതിലൂടെ ദിലീപ് സഹോദരന് നല്‍കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഈ ശബ്ദരേഖയിലെ ശബ്ദം തിരിച്ചറിയുന്നതിനായാണ് സംവിധായകന്‍ റാഫി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനിടെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയതെന്നാണ് സൂചന. ശബ്ദം ദിലീപിന്റെ സുഹൃത്ത് തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. 

കൊലയ്ക്ക് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ എന്തു ചെയ്യണമെന്ന നിര്‍ദേശമാണ് ദിലീപ് നല്‍കുന്നതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞിരുന്നു. ഇതിനായി ഷാജി കൈലാസ് സിനിമയിലെ ചില ഭാഗങ്ങളാണ് ഉദ്ധരിച്ചത്. അപ്രകാരം ചെയ്താല്‍ നമ്മുടെ തലയില്‍ വരില്ലെന്നാണ് ദിലീപ് പറയുന്നതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.