മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ട; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

 | 
Covid

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസെടുക്കേണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. കേന്ദ്രസര്‍ക്കാരാണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസെടുക്കേണ്ടെന്നാണ് നിര്‍ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ലയാണ് ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്. 

2020ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇളവ് നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലുള്ള ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25ന് അവസാനിക്കുകയാണ്. ഇതിന് ശേഷം നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് നിര്‍ദേശം. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കും.