തൃശൂരില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇതര സംസ്ഥാന തൊഴിലാളികള്‍ ടിടിഇയെ മര്‍ദ്ദിച്ചു ​​​​​​​

 | 
TTE

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു. തൃശൂരില്‍ രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസില്‍ യാത്ര ചെയ്ത സംഗമാണ് ടിടിഇയെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ടിടിഇ, പെരുമ്പാവൂര്‍ സ്വദേശി ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആലുവയ്ക്കും തൃശൂരിനും ഇടയില്‍വച്ച് നടന്ന സംഭവത്തില്‍ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവരാണ് പിടിയിലായത്. ഡി 15 കോച്ചില്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇവര്‍ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് ബെസി കണ്ടെത്തി. ഇത് ചോദ്യം ചെയ്തതോടെ തര്‍ക്കം തുടങ്ങുകയും ബെസിയെ ഇവര്‍ മര്‍ദ്ദിക്കുകയുമായിരുന്നു. 

പത്തോളം പേര്‍ വരുന്ന സംഘം പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ട്രെയിന്‍ ചാലക്കുടിയില്‍ എത്തിയപ്പോള്‍ ബെസി സംഭവം റെയില്‍വേ പോലീസിന് റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.