ജോൺ പോൾ അന്തരിച്ചു

 | 
Jhonpaul

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ അന്തരിച്ചു. 72 വയസായിരുന്നു. കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു.

ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാളസിനിമ.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. 

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ രചനകൾ ആണ്.  

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.