കെ.സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ അനുവദിക്കില്ല; വി.ഡി.സതീശന്‍

 | 
Satheesan

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷയാണെന്ന ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കെ.സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണു വാരിയിടാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്. 

കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി.പി.എം നേതാക്കള്‍ക്ക്. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനു മുന്നില്‍ വിലപ്പോകില്ല. ഒരു ഭീഷണിയും വേണ്ട. ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. 

മയക്കു മരുന്ന് സംഘങ്ങളെ വളര്‍ത്തുന്നതും സി.പി.എം നേതാക്കളാണ്. അവരുമായുള്ള ഇടപഴകല്‍ കൂടിയതു കൊണ്ടാണ് സി.പി.എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയില്‍ സംസാരിക്കുന്നത്. സുധാകരന്‍ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കന്‍മാരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്. 

പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമര്‍ശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോള്‍ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.