നാല് ഗോളടിച്ച് കെഡിബി; സിറ്റിക്ക് ഉഗ്രൻ വിജയം
കെവിൻ ഡ്രിബ്രൂണെ നേടിയ നാല് ഗോളും റഹീം സ്റ്റെർലിംഗിന്റെ ഗോളും മാഞ്ചസ്റ്റർ സിറ്റിക്ക് വൂൾവർഹാംപ്റ്റണെതിരെ വമ്പൻ ജയം നേടിക്കൊടുത്തു. ഇതോടെ പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് സിറ്റി മൂന്ന് ചുവട് മുന്നിലെത്തി. ഒന്നിനെതിരെ അഞ്ച് ഗോൾ വിജയം ഗോൾ ശരാശരിയിലും അവരെ ലിവർപൂളിനേക്കാൾ ഏഴു ഗോൾ വ്യത്യാസത്തിലെത്തിച്ചു.
ഏഴാം മിനിറ്റിൽ തന്നെ കെഡിബി ഗോളടിച്ചു. ബെർണാണ്ടോ സിൽവയുടെ അസിസ്റ്റിലായിരുന്നു ഗോൾ. എന്നാൽ ഉടനെ തന്നെ വൂൾവ്സ് ഗോൾ മടക്കി. 11ാം മിനിറ്റിൽ ഡെൻഡോൺക്കർ സമനില ഗോൾ കണ്ടെത്തി. എന്നാൽ അഞ്ച് മിനിറ്റിൽ തന്നെ ഡിബ്രൂണെ ലീഡ് എടുത്തു. 24ാം മിനിറ്റിൽ കെഡിബി ഹാട്രിക്ക് തികച്ചു. ഗോളാടിച്ച ശേഷം എർലിംങ് ഹാലന്റിന്റെ ആഘോഷത്തെ അനുകരിച്ചുകൊണ്ട് കെഡിബി സിറ്റിയിലേക്ക് അദേഹത്തെ സ്വാഗതം ചെയ്തു.
രണ്ടാം പകുതിയിൽ അടുത്ത രണ്ട് ഗോളുകൾ. 60ാം മിനിറ്റിൽ ഡിബ്രൂണെയും 84ാം മിനിറ്റിൽ റഹിം സ്റ്റെർലിംഗും. ജയത്തോടെ 36 കളികളിൽ നിന്നും 89 പോയിന്റോടെ സിറ്റി ഒന്നാം സ്ഥാനത്തും 86 പോയിന്റോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുമാണ്. ഇനി രണ്ട് കളികൾ ബാക്കിയുണ്ട്. സിറ്റിക്ക് വെസ്റ്റ്ഹാം യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവരുമായും ലിവർപൂളിന് സൗത്താംപ്റ്റൺ, വൂൾവ്സ് എന്നിവരുമായും ആണ് മത്സരം.
ഇന്നലെ നടന്ന മറ്റൊരു കളിയിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു. മാസൻ മൗണ്ട്, പുലിസിച്ച്, ലുക്കാക്കു എന്നിവരാണ് ഗോളടിച്ചത്. നോർവിച്ച് സിറ്റിയെ ലെസ്റ്റർ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. എവർട്ടൺ- വാറ്റ്ഫോഡ് മത്സരം ഗോൾരഹിത സമനിലയിലായി.