കണ്ണൂര്‍ വിസി നിയമനം; മന്ത്രി ആര്‍.ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്‍കി ലോകായുക്ത

 | 
R Bindu

കണ്ണൂര്‍ വിസി നിയമനക്കേസില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്‍കി ലോകായുക്ത. നിയമന വിഷയത്തില്‍ മന്ത്രി ഗവര്‍ണര്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് വിധിയില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. നിര്‍ദേശം നല്‍കുക മാത്രമാണ് മന്ത്രി ചെയ്തത്. വീണ്ടും അവസരം നല്‍കുന്നത് നല്ലതാകുമെന്നാണ് മന്ത്രി പറഞ്ഞത്. ആ നിര്‍ദേശം ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുകയായിരുന്നുവെന്നും ലോകായുക്ത പറഞ്ഞു. 

രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ വിധി. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തതയില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നുവെന്നും വിധിയില്‍ പറയുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നാണ് വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കിയതില്‍ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നിര്‍ദേശം ക്രമവിരുദ്ധമാണെന്നായിരുന്നു ചെന്നിത്തല നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.