കണ്ണൂര്‍ തോട്ടട ബോംബേറ്; മുഖ്യപ്രതി മിഥുന്‍ കീഴടങ്ങി
കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി മിഥുന്‍ കീഴടങ്ങി. എടക്കാട് പോലീസ് സ്റ്റേഷനിലാണ് മിഥുന്‍ ഹാജരായത്. നേരത്തേ അറസ്റ്റിലായ അക്ഷയും മിഥുനും ചേര്‍ന്ന് മേലേ ചൊവ്വയിലെ പടക്കനിര്‍മാണ ശാലയില്‍ നിന്ന് പടക്കം വാങ്ങി ബോംബ് നിര്‍മിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മിഥുന്‍ ഒളിവില്‍ പോയെന്നായിരുന്നും സംശയിച്ചിരുന്നത്.
വിവാഹ പാര്‍ട്ടിക്ക് നേരെ എറിയാന്‍ മൂന്ന് ബോംബുകളാണ് ഇവര്‍ തയ്യാറാക്കിയത്. ആദ്യത്തെ ബോംബ് മിഥുന്‍ എറിഞ്ഞെങ്കിലും പൊട്ടിയില്ല. അക്ഷയ് എറിഞ്ഞ രണ്ടാമത്തെ ബോംബ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരുടെ കയ്യില്‍ തട്ടി ജിഷ്ണുവിന്റെ തലയില്‍ പതിച്ച് പൊട്ടുകയായിരുന്നു. ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടാത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
ഞായറാഴ്ചയാണ് തോട്ടടയില്‍ വിവാഹശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ബോംബേറില്‍ ഏച്ചൂര്‍ പാതിരിക്കാട് സ്വദേശി സി.എം.ജിഷ്ണു കൊല്ലപ്പെട്ടത്.