ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക ഹൈക്കോടതി; വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി തള്ള

 | 
Hijab Case

ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പിയു കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മതാചാരത്തിന് ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധിച്ചു. ക്ലാസ് മുറിയില്‍ ഹിജാബ് അനിവാര്യമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനെ എതിര്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാലബെഞ്ചാണ് ഹര്‍ജി തള്ളിയത്. യൂണിഫോം മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ്. നിയന്ത്രണം നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. 

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സിംഗിള്‍ ബെഞ്ച് പരിഗണിച്ച കേസ് പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ 6 വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ സമരം ആരംഭിച്ചതോടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. 

ഇതോടെ കൂടുതല്‍ ക്യാമ്പസുകളിലേക്ക് പ്രതിഷേധം വ്യാപിക്കുകയും എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാള്‍ ധരിച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തു. ഇത് പല ക്യാമ്പസുകളിലും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

വിധിയുടെ പശ്ചാത്തലത്തില്‍ ബംഗളൂരു, മൈസൂരു, ബെലഗാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ ഒത്തുചേരുന്നതിനും പ്രകടങ്ങള്‍ക്കും നിരോധനമുണ്ട്. ഉഡുപ്പി, ഷിമോഗ എന്നിവിടങ്ങളില്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.