കേരളത്തിന് സന്തോഷ് ട്രോഫി കീരീടം

പെനാൽറ്റി ഷൂട്ടൗട്ടിൽ ബം​ഗാളിനെ 5-4ന്  പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. 
 | 
santhosh

സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബം​ഗാളിനെ 5-4ന്  പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.  നിശ്ചിത സമയത്ത് ഇരു ടീമുകളും ​ഗോളടിച്ചില്ല. അധിക സമയത്ത് രണ്ടു ടീമും ഓരോ ​ഗോളുകൾ നേടി. ഇതോടെ പെനാൽറ്റി വേണ്ടിവന്നു. 

പെനാൽറ്റിയിലെ ആദ്യ കിക്ക് ഇരുവരും ​ഗോളാക്കിയപ്പോൾ രണ്ടാം കിക്ക് ബം​ഗാൾ പുറത്തേക്കടിച്ച് കളഞ്ഞു. ഇതോടെ കേരളം 2-1ന്റെ ലീഡ് പെനാൽറ്റിയിൽ നേടി. മൂന്നാം കിക്ക് ഇരു ടീമുകളും ​ഗോളാക്കി. നാലാം കിക്കെടുക്കുന്ന സമയത്ത് കേരളം ​ഗോളിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. മിഥുന് പകരം അജ്മൽ വന്നു. നാലാം കിക്കും ഇരുവരും ​ഗോളാക്കി. അ‍ഞ്ചാം കിക്കെടുത്ത ബം​ഗാൾ താരവും ​ഗോളടിച്ചതോടെ അവസാന കിക്കിൽ കേരളത്തിന് കിരീടം നേടാമെന്ന സ്ഥിതി വന്നു. കേരളത്തിന് വേണ്ടി കിക്കെടുത്ത ഫസൽ അബ്ദുൾ റഹ്മാന് പിഴച്ചില്ല. ​ഗോൾ. കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഇത് ഏഴാം തവണയാണ് കേരളം സന്തോഷ് ട്രോഫി നേടുന്നത്. പതിനഞ്ചാം ഫൈനലിലാണ് കേരളം ഇന്ന് വിജയിച്ചത്. 

എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിലാണ് ബം​ഗാൾ സ്കോർ ചെയ്തത്. വലതു വിങ്ങിൽ നിന്ന് സുപ്രിയ പണ്ഡിറ്റ് നൽകിയ ക്രോസ് ദിലീപ് ഒറാവ്ൻ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. എന്നാൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കേരളം തിരിച്ചടിച്ചു. 116ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കിയത്.

കളി കാണാനെത്തിയ 26,857 സാക്ഷിയാക്കി തുടങ്ങിയ ഫൈനലിൽ കേരളം നന്നായി കളിച്ചു. ​ഗോളെന്നുറച്ച നിരവധി അവസരങ്ങൾ കേരളം പാഴാക്കി. കർണാടകയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിനിറങ്ങിയ ആദ്യ ഇലവനെ തന്നെ കേരളം നിലനിർത്തിയപ്പോൾ ബംഗാൾ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. മിഡ്ഫീൽഡർ ബസുദേവ് മൻഡിക്ക് പകരം ഡിഫൻഡർ നബി ഹുസൈൻ ഖാനെയാണ് ബംഗാൾ കളത്തിലിറക്കിയത്.  

72-ാം മിനിറ്റിൽ ഡിഫൻഡർ അജയ് അലക്സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. കളി അവസാന മിനിറ്റുകളിലേക്ക് എത്തിയപ്പോൾ കേരളം നടത്തിയ ശക്തമായ മുന്നേറ്റങ്ങളെയെല്ലാം  ബംഗാൾ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.