കോവിഡ് നാലാം തരംഗം ജൂണിലെന്ന് പഠനം; നാല് മാസമെങ്കിലും നീണ്ടുനില്‍ക്കും

 | 
COVID

രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകുമെന്ന് പഠനം. ഐഐടി കാണ്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നാലാം തരംഗം നാലു മാസം വരെയെങ്കിലും നീണ്ടുനിന്നേക്കാമെന്നും പഠനം പറയുന്നു. ജൂണ്‍ 22ന് തുടങ്ങുന്ന നാലാം തരംഗം ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുകയും ഒക്ടോബര്‍ 24ഓടെ അവസാനിക്കുകയും ചെയ്യുമെന്നാണ് പ്രവചനം. 

മൂന്നാം തംരംഗം കാര്യമായ അപകടങ്ങളൊന്നും സൃഷ്ടിക്കാതെ പോയെങ്കിലും നാലാം തരംഗത്തില്‍ സ്ഥിതി എന്താകുമെന്നത് സംബന്ധിച്ച് പ്രവചനങ്ങളിലും കാര്യമായി സൂചനയില്ല. പുതിയ വകഭേദത്തിന് മുന്‍പ് തിരിച്ചറിഞ്ഞവയേക്കാള്‍ ശേഷി കുറവായിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

അതേസമയം ഈ വര്‍ഷം അവസാനത്തോടെ മഹാമാരി എന്ന നിലയില്‍ നിന്ന് ലോകം കരകയറുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍ 2019ന് മുന്‍പുള്ള സ്ഥിതിയിലേക്ക് മടങ്ങാന്‍ ഉടനൊന്നും സാധിക്കില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.