ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരം; വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ ബ്രീച്ച് കാന്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവരെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 92കാരിയായ ലതാ മങ്കേഷ്‌കര്‍ക്ക് ജനുവരി 11നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അന്നു മുതല്‍ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന അവര്‍ കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നാണ് അവര്‍ക്ക് വീണ്ടും വെന്റിലേറ്റര്‍ സഹായം നല്‍കിയതെന്ന് ലതയെ ചികിത്സിക്കുന്ന ഡോക്ടര്‍ പ്രതീതി സമദാനി അറിയിച്ചു.
ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 2001ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങിയവയും ലതാ മങ്കേഷ്‌കര്‍ നേടിയിട്ടുണ്ട്.