തോറ്റവര്‍ മണ്ഡലത്തില്‍ പോയി പ്രവര്‍ത്തിക്കട്ടെ; ലിജുവിനെതിരെ ഹൈക്കമാന്‍ഡിന് കത്തെഴുതി മുരളീധരന്‍

 | 
Muraleedharan M Liju

എം.ലിജുവിനെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതിനെതിരെ ഹൈക്കമാന്‍ഡിന് കത്തെഴുതി കെ.മുരളീധരന്‍. തെരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തോല്‍ക്കുന്നവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും തോറ്റവര്‍ അതാത് മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ച കത്തില്‍ മുരളീധരന്‍ പറഞ്ഞു. ഭാഷാ നൈപുണ്യമുള്ളവരെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എം.ലിജുവിന് വേണ്ടി വാദിക്കുന്നതിനിടെയാണ് മുരളീധരന്‍ വേറിട്ട നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരെയും പരിഗണിക്കരുതെന്ന ആവശ്യം കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന ഏഴ് നേതാക്കള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ അനുകൂലിക്കുന്ന നിലപാടാണ് മുരളീധരന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡിന്റെ പേരില്‍ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.