ലിവർപൂളിനും ചെൽസിക്കും മിലാനും ജയം, ബാഴ്സക്ക് തോൽവി

 | 
liverpool

ഫോട്ടോ ഫിനിഷിലേക്ക് കുതിക്കുന്ന പ്രീമിയർ ലീ​ഗിൽ അറുപത്തിരണ്ട് മിനിറ്റ് വരെ ചെറുത്തുനിന്ന എവർട്ടണെ തോൽപ്പിച്ച് ലിവർപൂൾ സിറ്റിക്ക് തൊട്ടുപിന്നിൽ തന്നെ എത്തി. മെഴ്സിസൈഡ് ഡർബിയിൽ വലിയ ചെറുത്തുനിൽപ്പാണ് എവർട്ടൺ കാഴ്ച്ചവച്ചത്. 62ാം മിനിറ്റിൽ ​ഗോൾ വീഴുന്നത് വരെ ഷോട്ട് ഓൺ ടാർ​ഗറ്റ് ഇല്ലായിരുന്നു ലിവർപൂളിന്. സാലെ, മാനെ, ജോട്ട സഖ്യത്തെ കൃത്യമായി അവർ തടഞ്ഞു നിർത്തി. എന്നാൽ പ്രതിരോധ നിരക്കാരൻ ആൻഡ്രു റോബർട്ട്സണ്ണിന്റെ ഹെഡർ ആ പൂട്ട് തകർത്തു. സാലെയുടെ മനോഹരമായ ഒരു ക്രോസിൽ തലവച്ചാണ് റോബർട്ട്സൺ ​ഗോൾ നേടിയത്.  പകരക്കാരായി ഇറങ്ങിയ ഒറീ​ഗി 85ാം മിനിറ്റിൽ രണ്ടാം ​ഗോൾ നേടി. 

ഇതോടെ 33 കളികൾ പൂർത്തിയായ ലീ​ഗിൽ സിറ്റിക്ക് 80ഉം ലിവർപൂളിന് 79ഉം പോയിന്റ് ഉണ്ട്. 

വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. 90 മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ  ​ഗോളിലാണ് അവർ വിജയിച്ചത്. 87ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ജോർജിഞ്ഞോ നഷ്ടപ്പെടുത്തി. പന്ത് ​വെസ്റ്റ്ഹാം ​ഗോളി ലാബിയാൻസ്കി തടുത്തിട്ടു. 

വൂൾവർഹാംപ്റ്റണെ തോൽപ്പിച്ച് ബേൺസി 17ാം സ്ഥാനത്തേക്ക് കയറിക്കൂടി. ബ്രൈറ്റൺ- സൗത്താംപ്റ്റൺ മത്സരം 2 ​ഗോൾ സമനിലയിലായി.

ലാലീ​ഗയിൽ ബാഴ്സലോണക്ക് തോൽവി പിണഞ്ഞു. റയോ വല്ലക്കാനോയാണ് ബാഴ്സയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചത്. ഫോം ​ഗ്രൗണ്ടിലെ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. 33 കളി ലീ​ഗിൽ കഴിഞ്ഞപ്പോൾ റയൽ 78 പോയിന്റുമായി ഒന്നാമതും ബാഴ്സ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. 

സിരി എയിൽ ലാസിയോയെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച് എസി മിലൻ ഒന്നാം സ്ഥാനത്തേക്ക് കയറി.