മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ (4-0)

മുഹമ്മദ്‌ സലെക്ക് ഇരട്ട ഗോൾ
 | 
Liverpool

പ്രീമിയർ ലീഗിലെ ഏറെ നിർണ്ണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു മത്സരം കുറച്ചു കളിച്ച സിറ്റിയെക്കാൾ 2 പോയിന്റ് മുന്നിൽ ആണ് ലിവർപൂൾ ഇപ്പോൾ. സിറ്റിക്ക് ഇന്ന് രാത്രി മത്സരമുണ്ട്. 

ആൻഫീൽഡിൽ  നടന്ന കളിയിൽ ആദ്യം മുതൽ അവസാന വിസിൽ വരെ ലിവർപൂൾ ആധിപത്യം ആയിരുന്നു. മുന്നേറ്റ നിരക്കാരായ സാലെ,മാനെ, ഡിയാസ് എന്നിവർ സ്കോർ ചെയ്ത കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങുമില്ലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിൽ യുണൈറ്റഡ് മുന്നേറ്റവും ദുർബ്ബലമായിരുന്നു.

കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. സാലെയുടെ പാസിൽ ലൂയിസ് ഡിയാസ് സ്കോർ ചെയ്തു. 7ആം മിനിറ്റിൽ കാണികൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി കയ്യടിച്ചു. കഴിഞ്ഞ ദിവസം  മരിച്ച അദ്ദേഹത്തിന്റെ കുഞ്ഞിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട്. 

എട്ട് കളികൾ ആയി ഗോൾ ഇല്ലാതിരുന്ന ക്ഷീണം സാലെ മാറ്റുന്നതാണ് പിന്നെ കണ്ടത്. 22 മിനിറ്റിൽ സാദിയോ മാനെയുടെ പാസിൽ സ്കോർ ചെയ്ത അദ്ദേഹം 85ആം മിനിറ്റിൽ തന്റെ രണ്ടാം ഗോളും നേടി.68ആം മിനിറ്റിൽ ആണ് സാദിയോ മാനെ ഗോൾ അടിച്ചത്. 

ലിവർപൂളിനെതിരായ ഈ തോൽവി അപമാനകരമാണെന്ന് ഇടക്കാല കോച്ച് റാൾഫ് റാങ്നിക് പറഞ്ഞു. 33 കളികൾ പൂർത്തിയായപ്പോൾ 54പോയിന്റ് നേടി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോണിനെ നേരിടും. രാത്രി 12.30നാണ് കളി. ഇതു ജയിച്ചാൽ സിറ്റി വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും. മൂന്നാം സ്ഥാനത്തുള്ള ചെൽസി, അഞ്ചാം സ്ഥാനത്തുള്ള ആഴ്സണലിനെ നേരിടും.