ന്യൂകാസിലിനോട് തോറ്റു; ചാമ്പ്യൻസ് ലീ​ഗ് പ്രതീക്ഷ മങ്ങി ആഴ്സണൽ

 | 
arsenal

സെന്റ് ജെയിംസ് പാർക്കിലെ മത്സരം തുടങ്ങുന്നതിന് മുൻപ് വരെ ആഴ്സണൽ ആയിരുന്നു ഇം​ഗ്ലണ്ടിൽ നിന്നും ചാമ്പ്യൻസ് ലീ​ഗിലേക്ക് പോകാൻ സാധ്യതയുള്ള നാലാം ടീം. എന്നാൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനോട് തോറ്റതോടെ ​ഗണ്ണേഴ്സിന്റെ സാധ്യത ഏറെക്കുറെ ഇല്ലാതായി. ന്യൂകാസിലിന്റെ ജയം സഹായിച്ചത് ടോട്ടനംഹോട്ട്സപർസിനെയാണ്. 37 കളികൾ പൂ‍ർത്തിയായപ്പോൾ 68 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്തും 66 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തുമാണ്.  അവസാന മത്സരത്തിൽ ​ലീ​ഗിലെ അവസാനക്കാരായ നോർവിച്ച് സിറ്റിയെയാണ് ടോട്ടനം നേരിടുന്നത്. എന്നാൽ ലീ​ഗിൽ നിലനിൽക്കാൻ മരണപ്പോരാട്ടം നടത്തുന്ന എവർട്ടൺ ആണ് ആഴ്സണലിന്റെ എതിരാളികൾ. അതിനാൽ തന്നെ നോർവിച്ചിനെതിരെ ജയം നേടിയാൽ നാലാമനായി ടോട്ടനം മുന്നേറും. 

55ാം മിനിറ്റിൽ ബെൻ വൈറ്റിന്റെ ഓൺ ​ഗോളും 85ാം മിനിറ്റിൽ ബ്രൂണോ ​ഗുയിമാറെസും നേടിയ ​ഗോളുകളാണ് ആഴ്സണലിനെ തകർത്തത്. ഈ ജയത്തോടെ ന്യൂകാസിലിന് 37 കളികളിൽ നിന്നായി 46 പോയിന്റായി. അവസാന ഹോം മത്സരത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്കു മുന്നിൽ വമ്പൻ ജയമാണ് ന്യൂകാസിൽ യുണൈറ്റഡിന് ലഭിച്ചത്. 

ലീ​ഗിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ  സൗത്താംപ്റ്റൺ ലിവർപൂളിനെ നേരിടും. കിരീട പോരാട്ടത്തിൽ നിലനിൽക്കാൻ ലിവർപൂളിന് ഇന്ന് ജയിച്ചേ തീരൂ. ഇന്ന് ലിവർപൂളിനെ സൗത്താംപ്റ്റൺ അട്ടിമറിച്ചാൽ പ്രീമിയർ ലീ​ഗ് കിരീടം സിറ്റി സ്വന്തമാക്കും.