മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ മത്സരം സമനിലയിൽ

 | 
city liverpool

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ കിരീട പോരാട്ടത്തിൽ ഏറെ നിർണ്ണായകമായ മാഞ്ചസ്റ്റർ സിറ്റി- ലിവർപൂൾ മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ട് ടീമും രണ്ട് ​ഗോൾ വീതം നേടി. ഇതോടെ 32 കളികൾ പൂർത്തിയായപ്പോൾ സിറ്റി 74 പോയിന്റുമായി ഒന്നാമതും ലിവർപൂൾ 73 പോയിന്റുമായി രണ്ടാം സ്ഥാനത്തും തുടരുകയാണ്. 

ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ കണക്കുകളുടെ മുൻതൂക്കം സിറ്റിക്കാണ്. രണ്ടു തവണ ലീഡ് നേടിയിട്ടും കളിയിൽ വിജയം നേടാൻ സിറ്റിക്ക് സാധിച്ചില്ല. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ കെവിൻ ഡിബ്രൂണേ സിറ്റിക്കായി ​ഗോൾ നേടി. ബെർണാണ്ടോ സിൽവയുടെ അസിസ്റ്റിൽ നിന്നായിരുന്നു ​ഗോൾ. എന്നാൽ എട്ടു മിനിറ്റിനകം തന്നെ ലിവർപൂൾ ​ഗോൾ മടക്കി. അലക്സാണ്ടർ അറണോൾഡിന്റെ പാസിൽ ഡീ​ഗോ ജോട്ടയാണ് ​ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ സിറ്റി ലീഡ് നേടി. 36ാം മിനിറ്റിൽ കാൻസലോയുടെ പാസിൽ നിന്ന് ​ഗബ്രിയേൽ ജിസൂസാണ് ​ഗോൾ നേടിയത്. 

രണ്ടാം പകുതി തു‌‌ടങ്ങി ഉടനെ ലിവർപൂൾ ആക്രമണം തുടങ്ങി. മുഹമ്മദ് സാലയുടെ മനോഹരമായ ഒരു പാസിൽ സാദിയോ മാനേ വല കുലുക്കി. 64ാം മിനിറ്റിൽ ​റഹീം സ്റ്റർലിം​ഗ് ​ഗോൾ നേടിയെങ്കിലും വാർ ഓഫ് സൈഡ് വിധിച്ചു. 

മാർച്ച് 16ന് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും. എഫ് എ കപ്പ് സെമിഫൈനലിൽ വെംബ്ലിയിലായിരിക്കും ഇരുവരും ഏറ്റുമുട്ടുക. സിറ്റിക്ക് 13ന് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ അത്‍ലറ്റിക്കോ മാഡ്രിഡുമായി മത്സരമുണ്ട്. ലിവർപൂൾ അന്നേ ദിവസം ബെൻഫിക്കയെ നേരിടും