മീഡിയവണ്‍ സംപ്രേഷണ വിലക്ക്; സിംഗിള്‍ ബെഞ്ച് വിധിക്ക് സ്റ്റേയില്ല, അപ്പീല്‍ വിധി പറയാന്‍ മാറ്റി

 | 
Mediaone

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റി. രാജ്യസുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് മീഡിയവണ്‍ സംപ്രേഷണം വിലക്കിയത്. ഇതിനെതിരെ മീഡിയവണ്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് ശരിവെക്കുകയായിരുന്നു. 

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയാണ് മീഡിയവണിന് വേണ്ടി കോടതിയില്‍ ഹാജരായത്. രാജ്യസുരക്ഷയാണ് പ്രശ്‌നമെങ്കില്‍ ചാനലിന് കഴിഞ്ഞ ദിവസം വരെ സംപ്രേഷണാനുമതി നല്‍കിയത് എന്തിനാണെന്ന് ദുഷ്യന്ത് ദാവെ ചോദിച്ചു. ഓരോ ഘട്ടത്തിലും ലൈസന്‍സ് പുതുക്കുമ്പോള്‍ സുരക്ഷാ ക്ലിയറന്‍സ് ആവശ്യമില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതിയാണ് ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ചാനലുമായി ബന്ധപ്പെട്ടുണ്ടെന്നും അവ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വിധി പറയുന്നതിനായി മാറ്റി.