മന്ത്രി സജി ചെറിയാൻ രാജിവച്ചു

 | 
Saji Cheriyan

 ഭരണഘടനയ്ക്കെതിരെ പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പരാമര്‍ശത്തെ തുടർന്ന് സാംസ്കാരിക  മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി. മുഖ്യമന്ത്രിക്കു രാജികത്തു കൈമാറി. സംസ്ഥാന നേതൃത്വം രാജി ആവശ്യപ്പെട്ടില്ലെങ്കിലും കേന്ദ്ര നേതൃത്വം കർശന നിലപാടെടുത്തതോടെയാണ് മന്ത്രിക്ക് രാജി വയ്ക്കേണ്ടിവന്നത്. പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതോടെയാണ് മന്ത്രിസഭായോഗത്തിനുശേഷം വാർത്താ സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. ഭരണഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി രാജിവയ്ക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടെടുത്തതും നിർണായകമായി.

സ്വതന്ത്രമായ നിലപാടിനെ തുടർന്നാണ് രാജിവച്ചതെന്ന് മന്ത്രി പറഞ്ഞു. 

മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്. മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്.

എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ ​കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി ​വെച്ചിട്ടുണ്ട്' -ഇതായിരുന്നു മന്ത്രിയുടെ വിവദമായ പ്രസംഗം.