ഒടുവിൽ മുംബൈ ജയിച്ചു; രാജസ്ഥാനെതിരെ വിജയം 5 വിക്കറ്റിന്. ഗുജറാത്തിനും വിജയം
തുടർച്ചയായ എട്ട് തോൽവികൾക്കൊടുവിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചു. രാജസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് സീസണിലെ ആദ്യ ജയം മുംബൈ സ്വന്തമാക്കിയത്. നായകൻ രോഹിത് ശർമ്മയുടെ ജന്മദിനത്തിലെ മത്സരത്തിൽ സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിന് വിജയം നേടാൻ വഴിയൊരുക്കിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഇത്തവണയും തിളങ്ങിയത് ജോസ് ബട്ട്ലറാണ്. 52 പന്തിൽ 67 റൺസെടുത്ത ജോസ് ബട്ട്ലറുടെ മികവിൽ 6 വിക്കറ്റിന് 158 റൺസ് എന്ന സ്കോറാണ് അവർ നേടിയത്. അവസാന ഓവറിൽ കാര്യമായി റൺ നേടാൻ കഴിയാത്തത് രാജസ്ഥാന് വിനയായി. അശ്വിൻ 9 പന്തിൽ 21ഉം സഞ്ജു സാംസൺ 7 പന്തിൽ 16 റൺസും നേടി.
മുബൈ ഇന്ത്യൻസിന് രോഹിത് ശർമ്മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ 18 പന്തിൽ 26 റൺസെടുത്ത് സ്കോർ നിരക്ക് ഉയർത്തി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവ്- തിലക് വർമ്മ കൂട്ടുകെട്ട് 81 റൺസ് നേടി. യാദവ് 39 പന്തിൽ 51ഉം വർമ്മ 30 പന്തിൽ 35ഉം നേടി. 9 പന്തിൽ 20 റൺസെടുത്ത ടിം ഡേവിഡ് ടീമിന്റെ വിജയം ഉറപ്പാക്കി.
ആദ്യം നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഏട്ടാം ജയം സ്വന്തമാക്കി. വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തിൽ രജത്ത് പട്ടിദാറും അർദ്ധ സെഞ്ച്വറി നേടി. കോഹ്ലി 53 പന്തിൽ 58 റൺസ് നേടി. രജത് 32 പന്തിൽ 52ഉം. 20 ഓവറിൽ 6 വിക്കറ്റിന് 170 റൺസാണ് അവർ നേടിയത്.
25 പന്തിൽ 43 റൺലസെടുത്ത രാഹുൽ തെവാത്തിയ, 24 പന്തിൽ 39 റൺസെുത്ത ഡേവിഡ് മില്ലർ എന്നിവർ പുറത്താവാതെ ടീമിനെ 3 പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തിച്ചു. വൃദ്ധിമാൻ സാഹ ( 29), ശുഭ്മൻ ഗിൽ (31) എന്നിവരും തിളങ്ങി.