"എട്ടും പൊട്ടും" തിരിയാതെ മുംബൈ; ജയിക്കാൻ ഇനി എന്താണ് വഴി? ​​​​​​​

 | 
MI

ഐപിഎൽ സീസൺ 15 തുടങ്ങുന്നതിന് മുൻപ് ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളായിരുന്നു മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിം​ഗ്സും. എന്നാൽ ഇത്തവണ മറ്റു ടീമുകൾ ഏറെ മുന്നോട്ടു പോയപ്പോൾ എന്ത്  ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു നിൽക്കുകയാണ് ഇവർ. പ്രത്യേകിച്ചും മുംബൈ ഇന്ത്യൻസ്. കളിച്ച എട്ടു കളിയിലും തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായി മുംബൈ മാറി.

ലക്നൗ സൂപ്പർ ജയിന്റ്സിനെതിരായ കളിയിൽ 36 റൺസിനാണ് ടീം തോറ്റത്. കെഎൽ രാഹുൽ സെഞ്ച്വറിയിടിച്ച്(103) ഒറ്റക്കാണ് ലക്നൗ സ്കോർ 168ൽ എത്തിച്ചത്. മുംബൈക്ക് പ്രതീക്ഷ നൽകി രോഹിത് ശർമ്മ (39) നന്നായി തുടങ്ങിയെങ്കിലും പിന്നീട് വന്നവരിൽ തിലക് വർമ്മ(38)ക്ക് മാത്രമെ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളൂ. ഫലമോ 20 ഓവറിൽ 8 വിക്കറ്റിന് 132 എന്ന സ്കോറിൽ ടീം ഒതുങ്ങി. 

ഇത്തവണ പഴി ബാറ്റർമാർക്കെന്ന് നായകൻ രോഹിത് ശർമ്മ. ബാറ്റിം​ഗിന് അനുകൂലമായ പിച്ചിൽ അത്യാവശ്യം നന്നായി മുംബൈ പന്തെറിഞ്ഞു. വിജയിക്കാവുന്ന സ്കോറായിരുന്നെന്ന് രോഹിതും പറയുന്നു. എന്നാൽ ബാറ്റർമാർ കൂട്ടുകെട്ടുണ്ടാക്കി കളിക്കാനായി ശ്രമിച്ചില്ല. രോഹിത്തിന്റേത് ഉൾപ്പടെ നിരുത്തരവാദപരമായ ഷോട്ടുകളിലാണ് ബാറ്റർമാർ പുറത്താവുന്നത്. എല്ലാവർക്കും അവസരങ്ങൾ തന്നിട്ടുണ്ടെന്നും കളിക്കാർ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും രോഹിത് പറയുന്നു.

ബാറ്റിം​ഗിനും ബോളിം​ഗിനും ഒരു പോലെ മൂർച്ചയില്ലാതെ പോയതാണ് മുംബൈ ഇന്ത്യൻസിന് വലക്കുന്നത്. 15.25 കോടി കൊ‌ടുത്ത് വാങ്ങിയ ഓപ്പണർ ഇഷാൻ കിഷന്റെ പ്രകടനം നോക്കുക. എട്ട് കളയിൽ നിന്നും 28.42 ശരാശരിയിൽ 199 റൺസാണ് ഇഷാൻ നേടിയത്. ആദ്യ കളിയിൽ നേടിയ 81 ആണ് ഉയർന്ന സ്കോർ. ഇതു മാറ്റി വച്ചാൽ പിന്നീടുള്ള ഏഴ് കളികളിൽ നിന്ന് 118 റൺസ്. ശരാശരി 16. ഇത്തവണ കളിക്കില്ലെന്ന് ഉറപ്പായിട്ടും ജോഫ്ര ആർച്ചർക്ക് വേണ്ടി മു‌ക്കിയത് 8 കോടി. ബുംമ്രയെ കൂടാതെ നല്ല ഫാസ്റ്റ് ബൗളർമാർ ഇല്ല എന്നു തന്നെ പറയാം. ഉനദ്ഘട്ട്, ബേസിൽ തമ്പി, മുരുകൻ അശ്വിൻ, മിൽസ്, സാംസ് എന്നിവർക്കൊന്നും മത്സരം മാറ്റിമറിക്കാനുള്ള പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞില്ല. സൂര്യകുമാർ യാദാവ്, തിലക് വർമ്മ എന്നിവരല്ലാതെ മറ്റു ബാറ്റർമാരും ഫോമിലായിട്ടില്ല. അതിനാൽ തന്നെ മഹേല ജയർദ്ധനയും സംഘവും ഒരു കളി ജയിക്കാനായി ഇനിയും വിയർപ്പൊഴുക്കേണ്ടിവരും. 

അഞ്ച് ദിവസത്തിനപ്പുറം ശനിയാഴ്ച്ച ഫോമിലുള്ള രാജസ്ഥാൻ റോയൽസുമായിട്ടാണ് മുംബൈയുടെ അടുത്ത കളി.