പുതിയ ചിത്രം ഒടിടി റിലീസ്; ദുല്‍ഖറിന് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന
ദുല്‍ഖര്‍ സല്‍മാന് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ സംഘടന. പുതിയ ചിത്രമായ സല്യൂട്ട് ഒടിടി റിലീസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഫിയോക് വിലക്കേര്‍പ്പെടുത്തിയത്. ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ധാരണയെന്നും ഇത് ലംഘിച്ചാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും ഫിയോക് ആരോപിക്കുന്നു. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെയററിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തീയേറ്ററിലായിരിക്കും റിലീസ് എന്ന് പറഞ്ഞതിനാല്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ തയ്യാറാക്കിയിരുന്നു. എന്നാല്‍ പിന്നീട് എഗ്രിമെന്റും വ്യവസ്ഥകളും ലംഘിച്ച് ചിത്രം ഒടിടി റിലീസിന് നല്‍കുകയായിരുന്നു. അതിനാല്‍ ഇനി ദുല്‍ഖര്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സംഘടന വ്യക്തമാക്കി.
ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് മാര്‍ച്ച് 18ന് സോണി ലിവില്‍ റിലീസ് ചെയ്യുമെന്നാണ് ഫെയിസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചത്.