നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല
നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പ്രതികളായ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിലിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല. കേസിലെ മറ്റൊരു പ്രതിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റിമ ദേവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജീവപര്യന്തം വരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് മനുഷ്യക്കടത്തെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് അഞ്ജലിക്ക് ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും വിശദമായി പരിശോധിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
2021 ഒക്ടോബര്‍ 21ന് അഞ്ജലിക്കൊപ്പം ഹോട്ടലില്‍ എത്തിയ യുവതിയെയും മകളെയും റോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ജലിയും സൈജുവും ഇതിന് കൂട്ടുനിന്നതായും ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.