നോബോൾ വിവാദം, ആവേശം; ഒടുവിൽ രാജസ്ഥാന് വിജയം

 | 
Crick

ക്രിക്കറ്റിന്റെ സ്പോർട്സ് മാൻ സ്പിരിറ്റിന് ചേരാത്ത ഡൽഹി ടീമിന്റെയും കാണികളുടെയും പെരുമാറ്റം കാരണം വിവാദമായ മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചു. അവസാന ഓവറിൽ ജയിക്കാൻ 36 റൺസ് വേണ്ട ഡൽഹിക്ക് വേണ്ടി ആദ്യ മൂന്ന് പന്തും റോവ്മൻ പവൽ സിക്സ് അടിച്ചു. എന്നാൽ ഫുൾ ടോസ് ആയ മൂന്നാം പന്ത് നോബോൾ വിളിച്ചില്ല എന്നു പറഞ്ഞു ഡൽഹി കളിക്കാരും പരിശീലകരും മത്സരം തടസ്സപ്പെടുത്തി. നായകൻ ഋഷഭ് പന്ത് ടീമിനെ തിരികെ വിളിച്ചു. കുറച്ചു നേരത്തെ തർക്കത്തിനൊടുവിൽ കളി പുനരാരംഭിച്ചു എങ്കിലും ഡൽഹിക്ക് ജയിക്കാൻ കഴിഞ്ഞില്ല. രാജസ്ഥാൻ ഉയർത്തിയ 223 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 15 റൺസ് അകലെ വീണു. 

നേരത്തെ ഉജ്വല ഫോമിൽ ഉള്ള ജോസ് ബട്ട്ലർ നേടിയ സെഞ്ചുറിയും ദേവദത്ത് പടിക്കലിന്റെ അർദ്ധ സെഞ്ചുറിയും സഞ്ജു സാംസന്റെ മിന്നൽ പ്രകടനവും ആണ് രാജസ്ഥാൻ റോയാൽസിനെ 2 വിക്കറ്റിന് 222 എന്ന സ്കോറിൽ എത്തിച്ചത്. 

65 പന്തിൽ 9 വീതം സിക്‌സും ഫോറും അടിച്ചു 116 റൺസ് ആണ് ബട്ട്ലർ നേടിയത്. അദ്ദേഹത്തിന്റെ ടൂർണ്ണമെന്റിലെ മൂന്നാം സെഞ്ചുറിയും തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമാണ് മുംബൈയിൽ  കണ്ടത്. 35 പന്തിൽ 54 റൺസ് നേടിയ ദേവദത്ത് പടിക്കലും 19 പന്തിൽ 46 റൺസ് അടിച്ച സഞ്ജു സാംസണും സ്കോർ 200 കടത്തി. ഐപിഎൽ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഡൽഹിക്ക് വേണ്ടി ഓപ്പണർമാർ നല്ല തുടക്കം നൽകി എങ്കിലും വിക്കറ്റുകൾ കൃത്യമായി വീഴ്ത്താൻ ആർആറിന് കഴിഞ്ഞു. പ്രിത്വി(37), വാർണർ (28), പന്ത് (44), ലളിത് യാദവ് (37) എന്നിവർ പൊരുതി. എന്നാൽ വൈകി ഇറങ്ങിയ റോവ്മാൻ പവൽ അവസാന നിമിഷം ടീമിന് പ്രതീക്ഷ നൽകി. അവസാന 2 ഓവറിൽ 36 എന്ന നിലയിൽ നിൽക്കെയാണ് പ്രസീത് കൃഷ്ണ പന്തെറിയാൻ വരുന്നത്. 19ആം ഓവർ വിക്കറ്റ് മെയ്ഡിനാക്കി പ്രസീത് രാജസ്‌ഥാനെ വിജയത്തിന്റെ കൂടുതൽ അടുത്തെത്തിച്ചു. എന്നാൽ മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സർ പരാതി പവൽ ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ നോ ബോൾ വിവാദം ചെറിയ ഇടവേള സൃഷ്ടിച്ച ശേഷം എറിഞ്ഞ മൂന്ന് പന്തിൽ 2 റൺസ് മാത്രമേ പവലിന് നേടാൻ കഴിഞ്ഞുള്ളൂ. അവസാന പന്തിൽ പവൽ ഔട്ട് ആവുകയും ചെയ്തു.

ജയത്തോടെ രാജസ്ഥാൻ പോയിന്റ് നിലയിൽ ആദ്യ സ്ഥാനത്ത് എത്തി.