കോട്ടയത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; 105 പേര്‍ക്കെതിരെ കേസെടുത്തു
കോട്ടയത്ത് സംക്രാന്ത്രിക്ക് സമീപം കുഴിയാലിപ്പടിയില്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ തടഞ്ഞ 105 പേര്‍ക്കെതിരെ കേസെടുത്തു. തുടര്‍ച്ചയായി മൂന്നാം ദിവസവും ഇവിടെ കല്ലിടല്‍ നാട്ടുകാര്‍ തടയുകയാണ്. നാട്ടുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പ്രദേശത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
കല്ലിടാനുള്ള സാമഗ്രികളുമായി വാഹനം എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനാല്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കാനായിട്ടില്ല. കോട്ടയം കളക്ട്രേറ്റില്‍ സമരം നടത്തിയതിന് 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തു. ഇന്ന് എറണാകുളത്ത് ചോറ്റാനിക്കരയിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ചോറ്റാനിക്കര തെക്കിനിയേത്ത് നിരപ്പില്‍ നാട്ടുകാര്‍ സമരപ്പന്തല്‍ സ്ഥാപിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇവിടെ സ്ഥാപിച്ച കല്ലുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുത് കുളത്തില്‍ എറിഞ്ഞിരുന്നു. മലപ്പുറത്ത് തവനൂരിലും ഇന്ന് പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് സൂചന.