സില്‍വര്‍ലൈനെതിരെ പാര്‍ലമെന്റ് മാര്‍ച്ച്; യുഡിഎഫ് എംപിമാരെ കയ്യേറ്റം ചെയ്ത് ഡല്‍ഹി പോലീസ്, ഹൈബി ഈഡന്റെ മുഖത്തടിച്ചു

 | 
parliament march

സില്‍വര്‍ലൈന്‍ പദ്ധതി്‌ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് കയ്യേറ്റം ചെയ്തു. വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധ സമരമാണ് പോലീസ് തടഞ്ഞത്. മാര്‍ച്ചില്‍ പങ്കെടുത്ത ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിക്കുകയും ടി.എന്‍.പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു. കെ.മുരളീധരനെയും പോലീസ് തള്ളി.

സമരത്തിനിടെ എംപിമാര്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പുരുഷ പോലീസ് തന്നെയും മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. പോലീസ് സംഘത്തില്‍ വനിതാ പോലീസുകാര്‍ ആരുമുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധങ്ങള്‍ പതിവാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിലാണ് പോലീസ് ഇടപെടലുണ്ടായിരിക്കുന്നതെന്നാണ് പരാതി. 

സംഭവത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ഹൈബി വ്യക്തമാക്കി.