ജനങ്ങളെ ജയിലില്‍ അയയ്ക്കില്ല; കെ-റെയില്‍ വിരുദ്ധ സമരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്ന് വി.ഡി.സതീശന്‍
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പാവപ്പെട്ടവര്‍ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്ന് സതീശന്‍ പറഞ്ഞു. ഇപ്പോള്‍ പറയുന്നത് കെ-റെയിലിന് ഇട്ടിരിക്കുന്ന കല്ലുകള്‍ പിഴുതാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള കേസുകളെടുത്ത് ജയിലിലടക്കും, ആ പണം അടച്ചാല്‍ മാത്രമേ ജാമ്യം കിട്ടുകയുള്ളു എന്നാണ്. അതില്‍ ഞങ്ങള്‍ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാന്‍ സമ്മതിക്കില്ല.
ജനങ്ങളാണ് ഇതുവരെ സമരം ചെയ്തത്. അവര്‍ക്ക് പിന്തുണയും ആത്മവിശ്വാസവും നല്‍കുകയാണ് ഞങ്ങള്‍ ചെയ്തത്. പാവപ്പെട്ടവരെ ജയിലില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാല്‍ ജനങ്ങളെ പുറകിലേക്ക് മാറ്റിനിര്‍ത്തി ഞങ്ങള്‍ മുന്നോട്ടു വരും. കല്ലുകള്‍ പിഴുതെറിയുകയും ജയിലില്‍ പോകുകയും ചെയ്യുമെന്ന് സതീശന്‍ പറഞ്ഞു.
ഈ പദ്ധതിയെക്കുറിച്ചുള്ള വ്യക്തത ഇതുവരെ വന്നിട്ടില്ല. ഒരു കാര്യവും ചെയ്യാതെയാണ് ഈ പദ്ധതിയുമായി പോകുന്നത്. വിദേശ കടം വാങ്ങിച്ച് കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഒരുപാട് സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിയിക്കുന്ന പ്രശ്നം കൂടിയാണിത്. ഇതിന്റെ പുറകില്‍ വന്‍ അഴിമതിയുണ്ട്. ഈ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.