സമരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പോലീസ് ബസ് വഴിയില്‍ നിന്നു; തള്ളിക്കൊടുത്തും ഡീസലടിക്കാന്‍ പണംപിരിച്ചും യൂത്ത് കോണ്‍ഗ്രസ്

 | 
Police Bus

സില്‍വര്‍ലൈന്‍ വിഷയത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് ബസ് വഴിയില്‍ നിന്നു. കോഴിക്കോടാണ് സംഭവം. ഇതോടെ ഡീസലടിക്കാന്‍ പോലും പൈസയില്ലേയെന്ന പരിഹാസവുമായി ചാടിയിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് തള്ളി പ്രതിഷേധിച്ചു. ഡീസലടിക്കാന്‍ ബക്കറ്റ് പിരിവ് നടത്തിയും ഇവര്‍ പരിഹാസം തുടര്‍ന്നു. 

ബസ് പണിമുടക്കിയതോടെ കോഴിക്കോട്-വയനാട് റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് മറ്റൊരു ബസ് എത്തിച്ചാണ് അറസ്റ്റിലായവരെ കൊണ്ടുപോയത്. കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. സമരക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. 

ഇതിന് ശേഷം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങിയതോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. സില്‍വര്‍ലൈനില്‍ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഹൈബി ഈഡന്‍ എംപിയുടെ മുഖത്ത് ഡല്‍ഹി പോലീസ് അടിച്ചിരുന്നു. ടി.എന്‍.പ്രതാപനെയും കെ.മുരളീധരനെയും പോലീസ് തള്ളിമാറ്റുകയും ചെയ്തു.