കോട്ടയം നട്ടാശ്ശേരിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനിടെ വീണ്ടും പ്രതിഷേധം; സ്ഥാപിച്ച കല്ലുകള്‍ വീണ്ടും പിഴുതെടുത്തു

 | 
Silverline

കോട്ടയം നട്ടാശ്ശേരിക്ക് സമീപം കുഴിയാലിപ്പടിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ വീണ്ടും പ്രതിഷേധം. ഇന്ന് രാവിലെ സ്ഥാപിച്ച 12 കല്ലുകള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പിഴുതുമാറ്റി. കല്ലിടാനെത്തിയ വാഹനം തടയുകയും വാഹനത്തിലേക്ക് കല്ലുകള്‍ തിരികെ കൊണ്ടുവന്ന് ഇടുകയും ചെയ്തു. 

കൗണ്‍സിലറും തഹസില്‍ദാരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ സ്ഥാപിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കുഴിയാലിപ്പടിയില്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതു മാറ്റിയിരുന്നു. 

പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പിറവത്ത് ഇന്ന് സര്‍വേ പുനരാരംഭിക്കുമെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുകയാണ്.