പുതുക്കാട് ട്രെയിന്‍ അപകടം; വേണാട് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

 | 
Train

പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വേണാട് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. വേണാടിന് പുറമേ എറണാകുളം-ഷൊര്‍ണൂര്‍ മെമു, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ തുടങ്ങിയവയും റദ്ദാക്കി. നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ് ഷൊര്‍ണൂരിലും എറണാകുളം-പാലക്കാട് മെമു ആലുവയിലും യാത്ര അവസാനിപ്പിക്കും. 

ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഈ ട്രെയിനില്‍ തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യാമെന്ന് റെയില്‍വേ അറിയിച്ചു. വേണാടിന്റെ സ്റ്റോപ്പുകളില്‍ കേരള എക്‌സ്പ്രസ് നിര്‍ത്തും. 

ഉച്ച്ക്ക് 2.15ഓടെയാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പനത്തേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ നിറയ്ക്കാനായി പോയ ട്രെയിന്റെ എന്‍ജിനും ഏതാനും വാഗണുകളും പാളം തെറ്റുകയായിരുന്നു. ട്രാക്കില്‍ പണി നടക്കുന്ന പ്രദേശത്തായിരുന്നു സംഭവം. വേഗം കുറവായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.