ആവേശപ്പോരിൽ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ

 | 
real

90ാം മിനിറ്റ് വരെ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ ഉറപ്പിച്ചു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് സ്പാനിഷ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. 73ാം മിനിറ്റിൽ റിയാദ് മെഹറസ് നേടിയ ​ഗോളിലൂടെ രണ്ട് ​ഗോൾ വ്യത്യാസത്തിൽ ഫൈനൽ ഉറപ്പാക്കിയ സിറ്റിയെ  90ാം മിനിറ്റിലും 91ാം മിനിറ്റിലും പകരക്കാരനായി ഇറങ്ങിയ റോഡ്രി​ഗോ നേടിയ രണ്ട് ​ഗോളുകളിലൂ‌‌ടെ റയൽ സമനിലയിൽ പിടിച്ചു. എക്സ്ട്രാ ടൈമിന്റെ അ‍ഞ്ചാം മിനിറ്റിൽ കരീം ബെൻസെമ നേടിയ പെനാൽറ്റി ​ഗോളിലൂടെ റയൽ സിറ്റിയെ തോൽപ്പിച്ചു. 

ആദ്യ പാദത്തിലെ 3-2 വിജയത്തോടെ ഒരു ​ഗോൾ ലീഡാണ് സിറ്റിക്ക് ഉണ്ടായിരുന്നത്. രണ്ടാം പാദത്തിലെ ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. ബെർണാണ്ടോ സിൽവയുടെ ക്രോസിൽ നിന്നും 73ാം മിനിറ്റിൽ റിയാദ് മെഹറസ് ​ഗോൾ നേടിയതോടെ സിറ്റിക്ക് രണ്ട് ​ഗോൾ ലീഡായി. 90ാം മിനിറ്റിൽ എത്തിയതോടെ സിറ്റിയുടെ പ്രതിരോധത്തിന് അയവു വന്നു. ഇത് മുതലെടുത്ത് നടത്തിയ ആക്രമണത്തിലാണ് റോഡ്രി​ഗോ രണ്ട് ​ഗോളുകളും നേടിയത്. ആദ്യ ​ഗോൾ ബെൻസെമയുടെ അസിസ്റ്റിൽ നിന്നും രണ്ടാം ​ഗോൾ അസെൻസിയോയുടെ അസിസ്റ്റിൽ നിന്നും. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

ബോക്സിൽ ബെൻസെമയെ റൂബൻ ഡയസ് ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ബെൻസേമ ​ഗോളാക്കിതോടെ 6-5ന്റെ ലീഡ് റയലിന് കിട്ടി. ഫൈനലിൽ ലിവർപൂളിനെയാണ് റയൽ മാഡ്രിഡ് നേരിടുക.