റയൽ മാഡ്രിഡ് യൂറോപ്പിലെ ചാമ്പ്യൻമാർ; ലിവർപൂളിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

 | 
Real

പൊരുതി കളിച്ച ലിവർപൂളിനെ 59ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിൽ മറികടന്ന് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ വീണ്ടും മുത്തമിട്ടു. കളിയുടെ സമസ്ത മേഖലയിലും റയലിനെ നിഷ്പ്രഭരാക്കിയ ലിവർപൂളിന് പക്ഷേ കോട്ട്വ എന്ന ഗോൾകീപ്പറെ മറികടക്കാൻ കഴിഞ്ഞില്ല.റയൽ വിജയശില്പിയും കോട്ട്വ തന്നെയാണ്.

പാരീസിലെ സ്റ്റേഡിയത്തിൽ കളി വൈകിയാണ് തുടങ്ങിയത്. ആരാധകർക്ക് അകത്തു കയറാൻ പ്രയാസം ഉണ്ടായി. യുവേഫയുടെ ഒരുക്കങ്ങൾ പാളിയെന്ന പരാതിയുമായി ആയിരങ്ങൾ എത്തി. സ്റ്റേഡിയത്തിന് പുറത്ത്  ആരാധകർ പിടിച്ചുപറിക് ഇരയായി. ടിക്കറ്റ് ഇല്ലാത്ത നിരവധിപേർ ഉള്ളിൽ കയറി. 

ആദ്യം മുതൽ ലിവർപൂളിന്റെ കയ്യിൽ തന്നെയായിരുന്നു കളി. സലയുടെയും സാദിയോ മാനെയുടെയും ഗോൾ എന്നുറപ്പിച്ച ശ്രമങ്ങൾ റയൽ ഗോൾകീപ്പർ തടഞ്ഞിട്ടു. ആദ്യ പകുതി അവസാനിക്കുന്ന സമയത്ത് കരീം ബെൻസെമ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് റദ്ദാക്കി. 

രണ്ടാം പകുതി തുടങ്ങി 14 മിനിറ്റ് പിന്നിടുമ്പോഴാണ് കളിയിലെ ഏക ഗോൾ പിറക്കുന്നത്. ഫെഡറിക്കോ വാൽവർഡേ യുടെ അസിസിറ്റിൽ വിനീഷ്യസ് ജൂനിയർ വാല് കുലുക്കി. ലിവർപൂൾ പിന്നേയും ആഞ്ഞു ശ്രമിച്ചെങ്കിലും ഇന്നലെ കോട്ട്വയുടെ ദിവസമായിരുന്നു. സലെയുടെ മാത്രം 6 ഷോട്ടുകൾ അദ്ദേഹം തടഞ്ഞിട്ടു. 

റയൽ മാഡ്രിഡിന്റെ 14ആം കിരീടമാണ് ഇത്. കാർലോസ് ആഞ്ചലോട്ടി എന്ന പരിശീലകന്റെ നാലാം കിരീടവും. രണ്ടും റക്കോർഡ് ആണ്. പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ കീഴ്പെടുത്തിയാണ് റയൽ ഫൈനൽ വരെ എത്തിയത്.