റയലും പിഎസ്ജിയും വിജയിച്ചു; പ്രീമിയർ ലീഗിൽ ഇന്ന് സിറ്റി- ലിവർപൂൾ പോരാട്ടം
നെയ്മർക്കും എംബാപ്പേക്കും സൺ ഹ്യൂങ് മിന്നിനും ഹാട്രിക്ക്
ഗെറ്റഫെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലീഗയിൽ ഒന്നാം സ്ഥാനത്തെ ലീഡ് വർദ്ധിപ്പിച്ചു. 31 കളികൾ കഴിഞ്ഞപ്പോൾ 72 പോയിന്റാണ് അവർക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യക്ക് അത്രതന്നെ കളികളിൽ നിന്നും 60 പോയിന്റാണ് ഉള്ളത്. രണ്ട് മത്സരം കുറച്ചു കളിച്ച ബാഴ്സ 57 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
38ാം മിനിറ്റിൽ കാസേമിറോ നേടിയ ഗോളും 68ാം മിനിറ്റിൽ ലൂക്കാസ് വാസ്കേസ് നേടിയ ഗോളുമാണ് റയലിനെ വിജയത്തിലേക്ക് എത്തിച്ചത്. ആദ്യ ഗോൾ വിനീഷ്യസ് ജൂനിയറിന്റേയും രണ്ടാം ഗോൾ റോഡ്രിഗോയുടേയും അസിസ്റ്റിലായിരുന്നു.
ഫ്രഞ്ച് ലീഗ് വണ്ണിൽ ഒന്നിനെതിരെ ആറ് ഗോളുകളുടെ വൻ വിജയമാണ് പിഎസ്ജി നേടിയത്. ക്ലെമോ ഫൂട്ടിനെതിരായ കളിയിൽ നെയ്മറും എംബാപ്പേയും ഹാട്രിക്ക് നേടി. മൂന്ന് അസിസ്റ്റുമായി മെസിയും തിളങ്ങി. ഇതോടെ കരിയറിൽ 400 അസിസ്റ്റുകൾ മെസി പിന്നിട്ടു.
സിരി എയിൽ യുവന്റസ് കാഗ്ലിയാറിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഹെല്ലാസ് വെറോണയെ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്റർമിലാൻ തോൽപ്പിച്ചു. 31 കളികൾ പിന്നിടുന്ന ലീഗിൽ എ.സി മിലാൻ 67 പോയിന്റുമായി ഒന്നാമത്. രണ്ടാം സ്ഥാനത്ത് 60 പോയിന്റുള്ള ഇന്റർ മിലാനാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം നടക്കും. ചാമ്പ്യൻമാരെ നിർണ്ണയിക്കുന്നതിൽ ഏറെ പ്രധാന്യമുള്ള മത്സരത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തൊട്ടു പിന്നാലെയുള്ള ലിവർപൂളുമായി ഏറ്റുമുട്ടും. സിറ്റിക്ക് 73ഉം ലിവർപൂളിന് 72 പോയിന്റുമാണ് ഉള്ളത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പർസ്, ആസ്റ്റൺ വില്ലയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചു. ദക്ഷിണ കൊറിയൻ സ്ട്രൈക്കർ സൺ ഹ്യൂങ് മിന്‍ ഹാട്രിക്ക് നേടിയ കളിയിൽ നാലാം ഗോൾ കുലുസേവ്സ്ക്കിയാണ് നേടിയത്. പോയിന്റ് പട്ടികയിൽ ടോട്ടനം നാലാം സ്ഥാനത്താണ്.