ചെൽസിയെ തകർത്ത് റയൽ; ബയേണിനെ അട്ടിമറിച്ച് വിയ്യാറയൽ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ റയൽ മാഡ്രിഡും വിയ്യാറയലും വിജയിച്ചു. റയൽ ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും വിയ്യറയൽ ബയേൺ മ്യുണിക്കിനെ എതിരില്ലാത്ത ഒരു ഗോളിനും ആണ് തകർത്തത്.
സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന കളിയിൽ കരീം ബെൻസെമ നേടിയ ഹാട്രിക് ആണ് ചെൽസിയെ മുക്കിയത്. കളിയുടെ 21,24,36 മിനിറ്റുകളിൽ ആണ് ബെൻസെമ ഗോൾ നേടിയത്. 40ആം മിനിറ്റിൽ ഹാവേറ്റ്സ് ചെൽസിയുടെ ഗോൾ നേടി.
കഴിഞ്ഞ ആഴ്ച സ്വന്തം മൈതാനത്തു ബ്രെന്റ്ഫോഡിനോട് തോറ്റതിന് പിന്നാലെയാണ് ചെൽസിക്ക് ഈ തോൽവി. പോസഷനും ഷോട്ടുകളും ചെൽസിക്ക് ആയിരുന്നു കൂടുതൽ.
സ്വന്തം മൈതാനത്ത് എട്ടാം മിനിറ്റിൽ നേടിയ ലീഡ്, 90 മിനിറ്റ് വരെ പിടിച്ചു നിർത്തിയാണ് വിയ്യറയൽ ബയേണിനെ തകർത്തത്. ഡാനി പജേറോയുടെ അസിസ്റ്റിൽ ഡാൻയുമ നേടിയ ഗോൾ ആണ് വിയ്യക്ക് വിലപ്പെട്ട ജയം നേടിക്കൊടുത്തത്. കളിയിൽ ബയേണിന്റെ സമഗ്ര ആധിപത്യം ആയിരുന്നെങ്കിലും ഗോൾ നേടാൻ ലെവൻഡോവ്സ്ക്കി ഉൾപ്പെട്ട നിരക്ക് കഴിഞ്ഞില്ല.